ജാലകം

Monday, September 5, 2011

ജംഗമ വിളക്ക്



എല്ലാം വീതം വെച്ചു കഴിഞ്ഞപ്പോള്‍  തറവാട്ടില്‍ അഞ്ചു ജംഗമ വസ്തുക്കള്‍ മാത്രം ബാക്കിയായി .....
ഒരു  പിച്ചളക്കോളാമ്പി,വെള്ളോട്ട് കിണ്ടി വെത്തില താമ്പാളം ചങ്ങല വട്ട,പിന്നെ .......
പോളിഷ് ചെയ്താല്‍ ഡ്രോയിംഗ് റൂമില്‍ പൂപാത്രമായെന്നു കരുതിക്കൊണ്ട് പിച്ചളക്കോളാമ്പി സുമിത്രയാണ് എടുത്തത്‌.
ആര്‍ക്കും വേണ്ടാത്തത് ഞാന്‍  എടുക്കുന്നു എന്ന ഭാവത്തില്‍ വെള്ളോട്ട് കിണ്ടി സാവിത്രിയും കയ്യിലാക്കി ...
ബോഫെ നടത്തുമ്പോള്‍ വെള്ളി കെട്ടിയ വെത്തില തമ്പാളത്തില്‍ ഡ്രൈ ഫ്രൂട്സ് വിളമ്പാമെന്നു അടക്കം പറഞ്ഞത് ജയപാലന്‍റെ ഭാര്യ.....
ചങ്ങല വട്ട ജയരാമനും പങ്കിട്ടു.........
ഒടുവില്‍ ആര്‍ക്കും വേണ്ടാതെ എല്ലാവര്‍ക്കും അവകാശപ്പെട്ടു തറവാട്ട്‌ മൂലയിലെ ജംഗമ വിളക്ക് പോലെ........
'' അമ്മക്ക് അവിടുത്തെ കാലാവസ്ഥ പിടിക്കൊന്നു തോന്നണില്ല ...''
മൂത്ത മകള്‍ ആദ്യമേ പറഞ്ഞിരുന്നു.
''ഈ വലിയ തറവാട്ടില്‍ ജീവിച്ച അമ്മയെങ്ങിനെയാണ് എന്‍റെ കൊച്ചു ഫ്ലാറ്റില്‍ അഡ്ജസ്റ്റ്  ചെയ്യുക.....''ഇളയവളും പറഞ്ഞു.
ജയപാലന്‍റെ ഭാര്യയാണ് ആകെ സങ്കടപ്പെട്ടു പോയത്......
''ഗുരുവായൂരപ്പാ...അമ്മ നമ്മുടെ മാര്‍ബിള്‍ പതിച്ച നിലത്തെങ്ങാനും വഴുതി വീണാലോ......?''
ജയരാമന്‍ ഭാര്യയുടെ മുഖത്തേക്കാണ് നോക്കിയത്.അവളാകട്ടെ കണ്ണുകള്‍ പാതിയടച്ച്‌ ഏതോ ഒരു വൃദ്ധ സദനത്തിലെ ഫോണ്‍ നമ്പര്‍ ഓര്‍ത്തെടുക്കുവാന്‍ ശ്രമിക്കുകയായിരുന്നു....................................































Monday, August 29, 2011

അവള്‍

ആദ്യമായ്  കണ്ടപ്പോള്‍ അവളൊരു മയില്‍ പേടയാണെന്നാണ് അയാള്‍ക്ക്‌ തോന്നിയത്.......
അടുത്തപ്പോള്‍ മനസ്സിലായി അവളൊരു മാടതത്തയാണെന്ന്................
വിവാഹ മണ്ഡപത്തിലേക്ക് ഒരു അരയന്നപ്പിട പോലാണവള്‍ കടന്നു വന്നത്........
അന്നവള്‍ ഒരു കൂരിയാറ്റയെ പോലെ അയാളുടെ ജീവിതത്തിലേക്ക് ചിറകൊതുക്കി...........
പിന്നീടിങ്ങോട്ട്‌ ഒരു പിടക്കോഴിയെപ്പോലെ അവള്‍ അയാളുടെ കുറ്റവും കുറവും ചികയാന്‍ തുടങ്ങുകയായിരുന്നു....
ഒരു സുപ്രഭാതത്തില്‍ അയാളുടെ കരളില്‍ കൊത്തി, പുതിയ കൂടും തേടി അവള്‍ യാത്രയായപ്പോള്‍ 
മാത്രമാണു മനസ്സിലായത്. അവള്‍ ഒരു കരിങ്കള്ളിക്കാക്കയും കൂടിയായിരുന്നെന്ന്................
                                                                     
                                          

Monday, August 1, 2011

പ്രയാസി

'ആണുങ്ങളായാല്‍ കുറച്ചൊക്ക കാര്യബോധം വേണം '.അവള്‍ പറയുന്നു .
അയാളാകട്ടെ മുറ്റത്ത്‌ പൂത്തിറങ്ങിയ ആതിര  നിലാവില്‍ കണ്ണ് നട്ട്‌ അങ്ങനെ.......
'ഒക്കെ നമ്മുടെ നല്ലതിനല്ലേ ......?നമ്മുടെ മക്കള്‍ക്ക്‌ വേണ്ടിയല്ലേ....?''  
മിഴികളിൽ കർക്കിടകപ്പേമാരി നിറച്ച് കൊണ്ട് അവള്‍ ഒടുവിലത്തെ ആയുധവും പുറത്ത് ഏടുക്കുന്നു ........
സൗദിയിലേക്കാണ്, മൂന്നു കൊല്ലമാണ്, അത് വരെ.....നാടുവിട്ടു .....കൂടുവിട്ടു ....കൂട്ടരെ വിട്ട് .......
ദൈവമേ........നെഞ്ചിലടിക്കുന്നത് സങ്കടത്തിന്റെ    മരുക്കാറ്റോ......?
ഒരുപാടു കൂട്ടിയും അതിലേറെ കിഴിച്ചും അത് കൊണ്ട് ഗുണിച്ചും പിന്നെ ഹരിച്ചും ഒടുവില്‍ ഒരു പ്രവാസിയാകാന്‍ തന്നെ തീരുമാനിച്ചു അയാള്‍ ......
''അച്ഛന്‍ പോവരുത് ......''
അമ്പിളിക്കണ്ണുകളിൽ നീർ  തുളുമ്പിക്കൊണ്ട് മകന്‍........ 
''ഇല്ല മോനെ .......നിന്നെവിട്ടെങ്ങോട്ടുമില്ലച്ഛന്‍ ........''ഏന്നൊരു കണ്ണീരുമ്മയില്‍ നനയവേ .........
മകന്‍ പറയുന്നു .
''അച്ഛന്‍ ഇപ്പൊ ഈ ഇരുട്ടത്ത്‌ പോവണ്ടാന്നാ പറഞ്ഞത്  ......
നാളെ നേരം വെളുത്തിട്ട് -ഒരു വലിയ പെട്ടി ഒക്കെ  എടുത്തിട്ട് ,
അവിടെ എത്തിയാലുടനെ മോന് ലാപ്‌ ടോപ്പ് ,ഐഫോണ് ,ടാബ് ലെറ്റ്‌ ,പിന്നെ .............''