Thursday, September 8, 2011

ഇര തേടുന്ന അമ്മ

ഒരു പ്രവര്‍ത്തി ദിനത്തിന്‍റെ എല്ലാ രൌദ്ര ഭാവങ്ങളും ഏറ്റു വാങ്ങിയ ഒരു
തിങ്കളാഴ്ചയി ലേക്കാണ് മാലിനി ടീച്ചറുടെ പ്രഭാതം കണ്ണ് തുറന്നിരിക്കുന്നത്.
ഒരിക്കലും ഉറങ്ങാതെ,ജീവിതവും കവച്ചു വെച്ച് ഓടിക്കൊണ്ടിരിക്കുന്ന ക്ലോക്ക് സൂചി തന്നെ നോക്കി പരിഹസിക്കുന്ന പോലെ തോന്നി ടീച്ചര്‍ക്ക്‌...................
ഉറക്കമുണര്‍ന്നാല്‍ തല വേദന -തൊണ്ടയും മൂക്കും അടച്ചു കെട്ടുന്ന അസ്വസ്ഥത.
വേവലാതികളില്ലാതെ പുറം തിരിഞ്ഞുറങ്ങുന്ന ഭര്‍ത്താവിന്നും നിലത്തു കോസടി വിരിച്ചുറങ്ങുന്ന മക്കള്‍ക്കുമിടയില്‍ ഒരു നിമിഷം എല്ലാം മറന്നു അവള്‍ ഇരുന്നു...

പുറത്തു ലോകം പൂര്‍ണ്ണമായും  ഉണര്‍ന്നു കഴിഞ്ഞിരുന്നു.......
ഭര്‍ത്താവിനും കുട്ടികള്‍ക്കും ഓഫീസിനും സ്കൂളിനുമിടയില്‍ ചക്ക് കുറ്റിയില്‍ കെട്ടിയ എരുതിനെ പ്പോലെ ടീച്ചറുടെ ഒരു ദിവസത്തെ ജീവിതം
അടുക്കളയില്‍ ചുറ്റിത്തുടങ്ങുകയാണ്.


തലേ രാത്രിയിലെ അശ്രദ്ധയില്‍ കൂടയില്‍ നിന്നും രക്ഷപ്പെട്ട പാമ്പിനെ പ്പോലെ അടുക്കളയില്‍ പതിയിരിക്കുന്ന ദുരന്ത സാന്നിധ്യം ടീച്ചര്‍ അറിഞ്ഞതേയില്ല.
തീപ്പെട്ടിക്കോലുരച്ചു ബെര്‍ണറിലേക്ക് നീട്ടും മുമ്പേ.......
ഗ്യാസുകുറ്റിയിലെ പാമ്പ് ആയിരം തീനാവുകള്‍ നീട്ടി....
മുഴുവനും വെന്തു പോയ ശരീരത്തില്‍ നിന്നും ജീവന്‍റെ കെട്ട്ഊരിയെടുത്തു യാത്രയാവുമ്പോഴും ടീച്ചറുടെ നെഞ്ചകത്ത് വേവലാതി തീര്‍ന്നിരുന്നില്ല...ഭര്‍ത്താവ്.... കുട്ടികള്‍.....  ബ്രേക്ക് ഫാസ്റ്റ്..... സ്കൂള്‍ .......
                                                                                               

Monday, September 5, 2011

ജംഗമ വിളക്ക്എല്ലാം വീതം വെച്ചു കഴിഞ്ഞപ്പോള്‍  തറവാട്ടില്‍ അഞ്ചു ജംഗമ വസ്തുക്കള്‍ മാത്രം ബാക്കിയായി .....
ഒരു  പിച്ചളക്കോളാമ്പി,വെള്ളോട്ട് കിണ്ടി വെത്തില താമ്പാളം ചങ്ങല വട്ട,പിന്നെ .......
പോളിഷ് ചെയ്താല്‍ ഡ്രോയിംഗ് റൂമില്‍ പൂപാത്രമായെന്നു കരുതിക്കൊണ്ട് പിച്ചളക്കോളാമ്പി സുമിത്രയാണ് എടുത്തത്‌.
ആര്‍ക്കും വേണ്ടാത്തത് ഞാന്‍  എടുക്കുന്നു എന്ന ഭാവത്തില്‍ വെള്ളോട്ട് കിണ്ടി സാവിത്രിയും കയ്യിലാക്കി ...
ബോഫെ നടത്തുമ്പോള്‍ വെള്ളി കെട്ടിയ വെത്തില തമ്പാളത്തില്‍ ഡ്രൈ ഫ്രൂട്സ് വിളമ്പാമെന്നു അടക്കം പറഞ്ഞത് ജയപാലന്‍റെ ഭാര്യ.....
ചങ്ങല വട്ട ജയരാമനും പങ്കിട്ടു.........
ഒടുവില്‍ ആര്‍ക്കും വേണ്ടാതെ എല്ലാവര്‍ക്കും അവകാശപ്പെട്ടു തറവാട്ട്‌ മൂലയിലെ ജംഗമ വിളക്ക് പോലെ........
'' അമ്മക്ക് അവിടുത്തെ കാലാവസ്ഥ പിടിക്കൊന്നു തോന്നണില്ല ...''
മൂത്ത മകള്‍ ആദ്യമേ പറഞ്ഞിരുന്നു.
''ഈ വലിയ തറവാട്ടില്‍ ജീവിച്ച അമ്മയെങ്ങിനെയാണ് എന്‍റെ കൊച്ചു ഫ്ലാറ്റില്‍ അഡ്ജസ്റ്റ്  ചെയ്യുക.....''ഇളയവളും പറഞ്ഞു.
ജയപാലന്‍റെ ഭാര്യയാണ് ആകെ സങ്കടപ്പെട്ടു പോയത്......
''ഗുരുവായൂരപ്പാ...അമ്മ നമ്മുടെ മാര്‍ബിള്‍ പതിച്ച നിലത്തെങ്ങാനും വഴുതി വീണാലോ......?''
ജയരാമന്‍ ഭാര്യയുടെ മുഖത്തേക്കാണ് നോക്കിയത്.അവളാകട്ടെ കണ്ണുകള്‍ പാതിയടച്ച്‌ ഏതോ ഒരു വൃദ്ധ സദനത്തിലെ ഫോണ്‍ നമ്പര്‍ ഓര്‍ത്തെടുക്കുവാന്‍ ശ്രമിക്കുകയായിരുന്നു....................................