ജാലകം

Sunday, November 20, 2011

കലിയന്‍

ഒരു മഴ നേരത്ത് നഗരത്തിലെ ഫ്ലാറ്റിന്‍റെ സ്വാസ്ഥ്യം നുകര്‍ന്നിരിക്കുന്ന അയാളോട് മകന്‍ പറഞ്ഞു..
''അച്ഛാ,അച്ഛനൊരു കഥ പറ...''
ജാലകക്കാഴ്ചയിലെ കറുത്തിരുണ്ട ആകാശം നോക്കിയിരിക്കവേ,ഉള്ളില്‍ ഒരു കഥ കനത്തു വരുന്നത് അയാള്‍ അറിഞ്ഞു......
ഇപ്പോള്‍ അങ്ങ് ദൂരെ,പുഴയോരത്തെ തറവാട്ടു  മുറ്റത്തു കര്‍ക്കിടകപ്പേമാരി തകര്‍ത്ത് പെയ്യുന്നത് പച്ചച്ചതഴപ്പായ് അയാള്‍ക്ക്‌ മുന്‍പില്‍........
അയാള്‍ കഥ പറഞ്ഞു തുടങ്ങി.........
''കലിയാ കലിയാ കൂയ് കൂയ്......ചക്കയും മാങ്ങയും കൂയ് കൂയ്...''
''അങ്ങനെ പറഞ്ഞാല്‍ ചക്കയും മാങ്ങയും കിട്ട്വോ....''വാക്കുകളില്‍ സംശയം 
നിറച്ചു കൊണ്ട് മകന്‍.....
''അതിലെന്തു സംശയം.....''ഉത്സാഹത്തോടെ അയാള്‍  പഴയ അഞ്ചു വയസ്സുകാരന്‍ കുട്ടിയായി.
മകനാവട്ടെ,ഉണ്ടക്കണ്ണുകളില്‍ കുസിര്‍തിത്തിരി  കത്തിച്ചു കൊണ്ട് പുറത്തു ആര്‍ത്തു പെയ്യുന്ന കര്‍ക്കിടക പ്പേമാരിയിലേക്ക് തന്‍റെ ആവശ്യമെറിഞ്ഞു.
''കലിയാ കലിയാ കൂയ് ,
കൂയ് .....കെ എഫ് സിയും ,കൊക്കോ കോളയും കൂയ് ....കൂയ് ..........!




Tuesday, October 4, 2011

നക്ഷത്രക്കണ്ണുള്ള പെണ്ണ്







കൂട്ടുകാരന് പെണ്ണ് കാണാന്‍ പോയപ്പോയാണ് ആദ്യമായി അയാള്‍ അവളെ കാണുന്നത്.
നീല വിരിയിട്ട ജാലകത്തിനപ്പുറത്ത് നിന്നും മിന്നുന്നൊരു നക്ഷത്രം കണക്കേ എത്തി നോക്കിയ ആ കണ്ണുകള്‍.......
''എനിക്കയാളെ ഒട്ടും  ഇഷ്ടമായില്ല..... പക്ഷേ,കൂടെ വന്ന ആളെ....'' അവള്‍ അച്ഛനോട് പറഞ്ഞു......
പിന്നീടെല്ലാം പെട്ടെന്നായിരുന്നു.
പൊന്ന്‌ മിന്നുന്ന പുടവയും  നക്ഷത്രം പൂത്ത കണ്ണുകളുമായി വിവാഹ മണ്ഡപത്തില്‍ അയാളുടെ അരികിലായി അവള്‍ ഇരുന്നു.
ആദ്യ രാത്രിയില്‍ അയാള്‍ പറഞ്ഞു;
''ഇനി മുതല്‍ ഞാന്‍ കണ്ണാടിയില്‍ നോക്കില്ല...പകരം നിന്‍റെ കവിളത്ത്.....''
അത് കേട്ട് മദിച്ച് പൂത്ത കുട മുല്ലത്തയ്യ്‌ പോലെ അവളാകെ പൂത്തുലഞ്ഞു പോയി....
ഇണയുടെ കവിളില്‍ കണ്ണാടി നോക്കി കാലം കഴിയവേ,ഊതിയിട്ടും കെടാതെ കത്തുന്ന അവളുടെ കണ്ണിലെ നക്ഷത്രത്തിളക്കം അയാളെ വല്ലാതെ അസ്വസ്ഥത പെടുത്താന്‍ തുടങ്ങിയിരുന്നു ........
അങ്ങനെയാണ് കൂട്ടുകെട്ടുകളുടെ കണ്ണാടിച്ചില്ലുകൾ ഓരോന്നായി തച്ചുടക്കാന്‍ തുടങ്ങിയത് അയാള്‍....
ഒടുവിലൊരു ദിവസം അവളുടെ കണ്ണാടിക്ക വിളിലും പതിഞ്ഞു അയാളുടെ കൈപ്പടം ..........!!!


Thursday, September 8, 2011

ഇര തേടുന്ന അമ്മ

ഒരു പ്രവര്‍ത്തി ദിനത്തിന്‍റെ എല്ലാ രൌദ്ര ഭാവങ്ങളും ഏറ്റു വാങ്ങിയ ഒരു
തിങ്കളാഴ്ചയി ലേക്കാണ് മാലിനി ടീച്ചറുടെ പ്രഭാതം കണ്ണ് തുറന്നിരിക്കുന്നത്.
ഒരിക്കലും ഉറങ്ങാതെ,ജീവിതവും കവച്ചു വെച്ച് ഓടിക്കൊണ്ടിരിക്കുന്ന ക്ലോക്ക് സൂചി തന്നെ നോക്കി പരിഹസിക്കുന്ന പോലെ തോന്നി ടീച്ചര്‍ക്ക്‌...................
ഉറക്കമുണര്‍ന്നാല്‍ തല വേദന -തൊണ്ടയും മൂക്കും അടച്ചു കെട്ടുന്ന അസ്വസ്ഥത.
വേവലാതികളില്ലാതെ പുറം തിരിഞ്ഞുറങ്ങുന്ന ഭര്‍ത്താവിന്നും നിലത്തു കോസടി വിരിച്ചുറങ്ങുന്ന മക്കള്‍ക്കുമിടയില്‍ ഒരു നിമിഷം എല്ലാം മറന്നു അവള്‍ ഇരുന്നു...

പുറത്തു ലോകം പൂര്‍ണ്ണമായും  ഉണര്‍ന്നു കഴിഞ്ഞിരുന്നു.......
ഭര്‍ത്താവിനും കുട്ടികള്‍ക്കും ഓഫീസിനും സ്കൂളിനുമിടയില്‍ ചക്ക് കുറ്റിയില്‍ കെട്ടിയ എരുതിനെ പ്പോലെ ടീച്ചറുടെ ഒരു ദിവസത്തെ ജീവിതം
അടുക്കളയില്‍ ചുറ്റിത്തുടങ്ങുകയാണ്.


തലേ രാത്രിയിലെ അശ്രദ്ധയില്‍ കൂടയില്‍ നിന്നും രക്ഷപ്പെട്ട പാമ്പിനെ പ്പോലെ അടുക്കളയില്‍ പതിയിരിക്കുന്ന ദുരന്ത സാന്നിധ്യം ടീച്ചര്‍ അറിഞ്ഞതേയില്ല.
തീപ്പെട്ടിക്കോലുരച്ചു ബെര്‍ണറിലേക്ക് നീട്ടും മുമ്പേ.......
ഗ്യാസുകുറ്റിയിലെ പാമ്പ് ആയിരം തീനാവുകള്‍ നീട്ടി....
മുഴുവനും വെന്തു പോയ ശരീരത്തില്‍ നിന്നും ജീവന്‍റെ കെട്ട്ഊരിയെടുത്തു യാത്രയാവുമ്പോഴും ടീച്ചറുടെ നെഞ്ചകത്ത് വേവലാതി തീര്‍ന്നിരുന്നില്ല...ഭര്‍ത്താവ്.... കുട്ടികള്‍.....  ബ്രേക്ക് ഫാസ്റ്റ്..... സ്കൂള്‍ .......
                                                                                               

Monday, September 5, 2011

ജംഗമ വിളക്ക്



എല്ലാം വീതം വെച്ചു കഴിഞ്ഞപ്പോള്‍  തറവാട്ടില്‍ അഞ്ചു ജംഗമ വസ്തുക്കള്‍ മാത്രം ബാക്കിയായി .....
ഒരു  പിച്ചളക്കോളാമ്പി,വെള്ളോട്ട് കിണ്ടി വെത്തില താമ്പാളം ചങ്ങല വട്ട,പിന്നെ .......
പോളിഷ് ചെയ്താല്‍ ഡ്രോയിംഗ് റൂമില്‍ പൂപാത്രമായെന്നു കരുതിക്കൊണ്ട് പിച്ചളക്കോളാമ്പി സുമിത്രയാണ് എടുത്തത്‌.
ആര്‍ക്കും വേണ്ടാത്തത് ഞാന്‍  എടുക്കുന്നു എന്ന ഭാവത്തില്‍ വെള്ളോട്ട് കിണ്ടി സാവിത്രിയും കയ്യിലാക്കി ...
ബോഫെ നടത്തുമ്പോള്‍ വെള്ളി കെട്ടിയ വെത്തില തമ്പാളത്തില്‍ ഡ്രൈ ഫ്രൂട്സ് വിളമ്പാമെന്നു അടക്കം പറഞ്ഞത് ജയപാലന്‍റെ ഭാര്യ.....
ചങ്ങല വട്ട ജയരാമനും പങ്കിട്ടു.........
ഒടുവില്‍ ആര്‍ക്കും വേണ്ടാതെ എല്ലാവര്‍ക്കും അവകാശപ്പെട്ടു തറവാട്ട്‌ മൂലയിലെ ജംഗമ വിളക്ക് പോലെ........
'' അമ്മക്ക് അവിടുത്തെ കാലാവസ്ഥ പിടിക്കൊന്നു തോന്നണില്ല ...''
മൂത്ത മകള്‍ ആദ്യമേ പറഞ്ഞിരുന്നു.
''ഈ വലിയ തറവാട്ടില്‍ ജീവിച്ച അമ്മയെങ്ങിനെയാണ് എന്‍റെ കൊച്ചു ഫ്ലാറ്റില്‍ അഡ്ജസ്റ്റ്  ചെയ്യുക.....''ഇളയവളും പറഞ്ഞു.
ജയപാലന്‍റെ ഭാര്യയാണ് ആകെ സങ്കടപ്പെട്ടു പോയത്......
''ഗുരുവായൂരപ്പാ...അമ്മ നമ്മുടെ മാര്‍ബിള്‍ പതിച്ച നിലത്തെങ്ങാനും വഴുതി വീണാലോ......?''
ജയരാമന്‍ ഭാര്യയുടെ മുഖത്തേക്കാണ് നോക്കിയത്.അവളാകട്ടെ കണ്ണുകള്‍ പാതിയടച്ച്‌ ഏതോ ഒരു വൃദ്ധ സദനത്തിലെ ഫോണ്‍ നമ്പര്‍ ഓര്‍ത്തെടുക്കുവാന്‍ ശ്രമിക്കുകയായിരുന്നു....................................































Monday, August 29, 2011

അവള്‍

ആദ്യമായ്  കണ്ടപ്പോള്‍ അവളൊരു മയില്‍ പേടയാണെന്നാണ് അയാള്‍ക്ക്‌ തോന്നിയത്.......
അടുത്തപ്പോള്‍ മനസ്സിലായി അവളൊരു മാടതത്തയാണെന്ന്................
വിവാഹ മണ്ഡപത്തിലേക്ക് ഒരു അരയന്നപ്പിട പോലാണവള്‍ കടന്നു വന്നത്........
അന്നവള്‍ ഒരു കൂരിയാറ്റയെ പോലെ അയാളുടെ ജീവിതത്തിലേക്ക് ചിറകൊതുക്കി...........
പിന്നീടിങ്ങോട്ട്‌ ഒരു പിടക്കോഴിയെപ്പോലെ അവള്‍ അയാളുടെ കുറ്റവും കുറവും ചികയാന്‍ തുടങ്ങുകയായിരുന്നു....
ഒരു സുപ്രഭാതത്തില്‍ അയാളുടെ കരളില്‍ കൊത്തി, പുതിയ കൂടും തേടി അവള്‍ യാത്രയായപ്പോള്‍ 
മാത്രമാണു മനസ്സിലായത്. അവള്‍ ഒരു കരിങ്കള്ളിക്കാക്കയും കൂടിയായിരുന്നെന്ന്................
                                                                     
                                          

Monday, August 1, 2011

പ്രയാസി

'ആണുങ്ങളായാല്‍ കുറച്ചൊക്ക കാര്യബോധം വേണം '.അവള്‍ പറയുന്നു .
അയാളാകട്ടെ മുറ്റത്ത്‌ പൂത്തിറങ്ങിയ ആതിര  നിലാവില്‍ കണ്ണ് നട്ട്‌ അങ്ങനെ.......
'ഒക്കെ നമ്മുടെ നല്ലതിനല്ലേ ......?നമ്മുടെ മക്കള്‍ക്ക്‌ വേണ്ടിയല്ലേ....?''  
മിഴികളിൽ കർക്കിടകപ്പേമാരി നിറച്ച് കൊണ്ട് അവള്‍ ഒടുവിലത്തെ ആയുധവും പുറത്ത് ഏടുക്കുന്നു ........
സൗദിയിലേക്കാണ്, മൂന്നു കൊല്ലമാണ്, അത് വരെ.....നാടുവിട്ടു .....കൂടുവിട്ടു ....കൂട്ടരെ വിട്ട് .......
ദൈവമേ........നെഞ്ചിലടിക്കുന്നത് സങ്കടത്തിന്റെ    മരുക്കാറ്റോ......?
ഒരുപാടു കൂട്ടിയും അതിലേറെ കിഴിച്ചും അത് കൊണ്ട് ഗുണിച്ചും പിന്നെ ഹരിച്ചും ഒടുവില്‍ ഒരു പ്രവാസിയാകാന്‍ തന്നെ തീരുമാനിച്ചു അയാള്‍ ......
''അച്ഛന്‍ പോവരുത് ......''
അമ്പിളിക്കണ്ണുകളിൽ നീർ  തുളുമ്പിക്കൊണ്ട് മകന്‍........ 
''ഇല്ല മോനെ .......നിന്നെവിട്ടെങ്ങോട്ടുമില്ലച്ഛന്‍ ........''ഏന്നൊരു കണ്ണീരുമ്മയില്‍ നനയവേ .........
മകന്‍ പറയുന്നു .
''അച്ഛന്‍ ഇപ്പൊ ഈ ഇരുട്ടത്ത്‌ പോവണ്ടാന്നാ പറഞ്ഞത്  ......
നാളെ നേരം വെളുത്തിട്ട് -ഒരു വലിയ പെട്ടി ഒക്കെ  എടുത്തിട്ട് ,
അവിടെ എത്തിയാലുടനെ മോന് ലാപ്‌ ടോപ്പ് ,ഐഫോണ് ,ടാബ് ലെറ്റ്‌ ,പിന്നെ .............''