ജാലകം

Wednesday, December 3, 2014

സ്ത്രീ ജന്മം ..........

അവൾ വലതു കാൽ വെച്ച് കയറിയതിൽ പിന്നെ വീടിനെന്തൊരു ഐശ്വര്യമാണ്....
വീടാകെ അടിച്ച് തുടച്ച് മെഴുകി വെച്ചിരിക്കുന്നൂ അവൾ....!
തീൻ മേശയിൽ അയാൾക്കേറെ ഇഷ്ടമായ നാല് മണിപ്പലഹാരം.
ഈറനണിഞ്ഞ്,കളഭം ചാർത്തി മുല്ലപ്പൂ സുഗന്ധവുമായി അവൾ ചാരെ.

അലക്കിത്തേച്ച ഉടുപുടവയണിഞ്ഞ് ടീവിയുടെ മുന്നിലിരിക്കുന്ന അമ്മയുടെ മുഖത്തും നിറഞ്ഞ സംതൃപ്തി.
''എന്റെ ഭാഗ്യം .സന്തോഷമായെനിക്ക്''.
അയാൾ  പറഞ്ഞു.
ഇന്റെ പൊന്നെ.....കരളൂസേ ......''
ഇതിനൊക്കെ പകരം നിനക്ക് ഞാൻ എന്താണ് തരിക.....''?

എല്ലാം കേട്ട് അപ്പുറത്തിരിക്കുന്ന അമ്മക്ക് ശ്വാസം മുട്ട്.
ഇത്ര കാലവും തലയിലും താഴത്തും വെക്കാതെ വളർത്തിയ മോനാണ്.
എന്നിട്ടിപ്പോ,ഇന്നലെ വന്നു കയറിയ അവളുടെ കയ്യിലെ തിരിപ്പണ്ടം.....
അമ്മ പറഞ്ഞു .
ഇന്റൊനൊരു കാര്യം ചെയ്യ്‌.വടക്ക് മുറീലെ കാൽ പെട്ടീലുണ്ട് പോരെന്റെ ആധാരം.അതെടുത്ത് ഓൾക്ക് അങ്ങ് കൊട്.....
ഇതൊക്കെ കണ്ടും പൊറുത്തും നിക്കാൻ എന്നെ കൊണ്ട് വയ്യ .ഞാൻ വല്ല അഗതി മന്ദിരത്തിലും പോയി കിടന്നോളാം......''
അയാളുടെ ഉള്ളിലൊരു വെള്ളിടി വെട്ടി.
പുറത്ത് പേമാരി പെയ്ത് തുടങ്ങിയിരുന്നു.

Tuesday, June 11, 2013

മഴയൊപ്പന

Harmony of rain (Sh@dows) Tags: rain june olympus kerala raining 2007 thrissur mansoon sarin mazha sarinsoman keralarain keralamonsoon pathayapura kanjiratharaveedu mazhakalam
 നാലക മുറ്റത്തൊരു കാറ്റെത്തി.
ചാറ്റൽ മഴയും കൂടെയെത്തി.
വെള്ളി ഉറുപ്പിക മാത്താവിട്ട്,*
ചമഞ്ഞൊരുങ്ങി മിന്നലുമെത്തി.

കാതിൽ ചിറ്റു മലിക്കത്തിട്ടു,
വള്ളിത്തുടരിൻ കുമ്മത്തിട്ടു,
കമ്പിത്തിരിയായ് കാതില മിന്നി,*
പുള്ളിത്തട്ടം ലങ്കിമറിഞ്ഞു.

കാന്തവിളക്കായ് മിന്നിക്കത്തും,
മിന്നൽകൊടിയെ നടുവിലിരുത്തി,
ഇറയിൽ ഊഞ്ഞാൽ വള്ളികൾ കെട്ടി,
മയിലാഞ്ചിക്കൈ കൊട്ടിപ്പാടി,
മഴ മൊഞ്ചെത്തികളൂഞ്ഞാലാടി.

പനിനീർ കൂജകൾ തട്ടി മറിഞ്ഞ് 
പുതുമണ്ണത്തറ്ഗന്ധമണിഞ്ഞ്‌ 
മഴ വില്ലുറുമാൽ ചേലിൽ കെട്ടി 
ആകാശക്കറു -കാറിൽ കയറി,
ഇടി മണവാളൻ  വിരുന്നിനെത്തി.

ദഫ്ഫും തുടിയും പെട്ടിപ്പാട്ടും,
ചീനിക്കുഴലും മുട്ടും വിളിയും.
കൊമ്പും കുഴലും ചെണ്ടക്കാരും,
അറബന മേളം, താളം മേളം .
തുള്ളിക്കൊരു കുടം കല്യാണപ്പുര...........

* വെള്ളി നാണയം പോലെ പ്രിന്റു ചെയ്ത കസവു തുന്നിയ വിവാഹ വസ്ത്രം..
*മലബാറിലെ പഴയ കാല മുസ്‌ലിം ആട ആഭരണങ്ങൾ.



Friday, April 12, 2013

റിയാലിറ്റി ഷോ ........



സന്ധ്യക്ക്‌ പതിവുള്ള കലഹത്തിനിടെ അവള്‍ പറഞ്ഞു.
''മടുത്തൂ എനിക്ക് നിങ്ങളോടൊത്തുള്ള ജീവിതം............'' 
മുറ്റത്തെ ഇരുട്ടിലേക്കോടിയിറങ്ങി,ഒരു വലിയ കല്ല്‌ കിണറ്റിലേക്ക് മറിച്ചിട്ട്, കിണറോരം മറഞ്ഞ് അവൾ  ഇരുന്നു .  
അയാളെ ഒന്ന് പേടിപ്പിക്കണമെന്നേ   അവൾ നിനച്ചിരുന്നുള്ളൂ.   

എല്ലാം കണ്ട്‌,അന്തി വിളക്കത്തിരുന്ന്  വലിയ വായില്‍ നിലവിളിച്ചുതുടങ്ങിയ മക്കളെ അയാള്‍ സമാധാനിപ്പിച്ചു.
''മക്കള് കരയല്ലേ.........ഇനിയിപ്പോ നാളെ നേരം വെളുത്ത് ,പോലീസും മെഡിക്കല്‍ കോളേജും പോസ്റ്റ്‌ മോര്‍ട്ടവും എല്ലാം കൂടി കെട്ടിയെടുക്കാന്‍ ഒരു പാടു വൈകും........''
''ഫാസ്റ്റ് ഫുഡില്‍ നിന്നും വല്ലതും വാങ്ങിക്കഴിച്ചിട്ട് തല്‍ ക്കാലം  നമുക്ക്  സുഖമായി ഉറങ്ങാം..................'' 
അയാൾ നിന്നു ചിരിച്ചു . 
മുറ്റത്തെ ഇരുട്ടില്‍, ശ്വാസം നിലച്ചു പോയി അവള്‍ക്ക്  .............
ഒതുക്കു കല്ലുകളില്‍ വേച്ച്, എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടന്നു അവള്‍ ... 

Saturday, August 25, 2012

സ്റ്റാഫ്റൂം

വടി വെച്ച് അളന്നും, 
വര വെച്ച് മുറിച്ചും,
ഗൌരവത്തിന്‍റെ  പര്യായമായി  
വള്ളിച്ചൂരല് പോലെ , 
ഒരു ഹെഡ്മിസ്ട്രസ്സ് .......
വാക്കില്‍പുകയും, 
നോക്കില്‍ പുകച്ചിലുമായി ,
സള്‍ഫ്യുരിക് ആസിഡ് 
പോലെ അനന്തന്‍  മാഷ്‌...............

ഒരു പാട് ഹരിച്ചും, 
അത് കൊണ്ട് ഗുണിച്ചും, 
കൂട്ടീട്ടും കിഴിച്ചിട്ടും- 
കഴിഞ്ഞതെല്ലാം കണക്കായി 
പോയെന്നു സുഗുണന്‍മാഷ്‌........... 

എന്ത് വിളഞ്ഞ മക്കളാണപ്പാ- 
കാലം അരിവാള് പോലെ, 
വളഞ്ഞു പോയെന്നു. 
മധുര മലയാളത്തില്‍ ,
മധു മാഷ്‌ ..........

മധു   മാഷെ  കെട്ടിയതില്‍ പിന്നെ, 
ജീവിതത്തിന്റെ ക്വഥനാങ്കം ,
തന്നെ മാറി പോയെന്നു, 
മെറീന ടീച്ചര്‍ ............

പിച്ചകപ്പൂ എം ബ്രോയിഡറി, 
ചെയ്ത ഇളം നീല സാരിയില്‍ . 
ഇനിയും എത്തിയില്ലല്ലോ 
നമ്മുടെ സുസ്മിത ടീച്ചര്‍ ...........  

Iam ten minuts late,
എന്ന്  സ്റ്റാഫ് സെക്രട്ടറിയുടെ 
മൊബൈലില്‍ മിന്നുന്നുണ്ട് 
ടീച്ചറുടെ മേഘ മല്‍ഹാറ് .........

ഫസ് റ്റ് , സെക്കന്‍ഡ്‌ ബെല്‍ , പ്രാര്‍ഥന  ............
വന്നല്ലോ, 
സൂര്യകാന്തിപ്പാടം
പൂത്ത പോലൊരു പുടവയില്‍ 
ചൊടിയില്‍ വിയര്‍പ്പും 
ചന്തവും ചാലിച്ച് സുസ്മിത ടീച്ചര്‍ ............

ഇടിമഴപ്പിറ്റേന്നു,
ലില്ലിപ്പൂ വിരിഞ്ഞ, 
ബംഗ്ലാപറമ്പ് പോലെ, 
ആയല്ലോ നമ്മുടെ സ്റ്റാഫ് റൂം.......... 

പുതിയ സാരിയില്‍ , ടീച്ചര്‍ക്ക് 
പത്തു മിനിട്ടല്ല, 
പത്തു വയസ്സ് കുറഞ്ഞെന്നു, 
കണ്ണാടി മാറ്റുന്നുണ്ട് ,
കണ്ണ് മിഴിക്കുന്നുണ്ട്,
നമ്മുടെ പോക്കര് മാസ്സ്റ്ററ്..........  

ഇതിപ്പോ ഞാനോ മറ്റോ, 
ആയിരുന്നെങ്കില്‍ ,
കാണാമായിരുന്നു പുകില്‍ , 
എന്നൊരു  കുറുമ്പില്‍ , 
ഒന്ന് കൂടി കറുക്കുന്നുണ്ട് .
കുട്ടികളുടെ പെന്തക്കോസ്ത് .
നമ്മുടെ കത്രീന ടീച്ചറ് .........

നിങ്ങളൊക്കെ ഇങ്ങനെ 
നിന്നു  വൈകിയാല്‍ ,
പിള്ളേരൊക്കെ കിടന്നു വൈകൂലേന്നു 
വാച്ച് നോക്കുന്നുണ്ട്, മുരടനക്കുണ്ട് 
മൂലയിലെ വള്ളിച്ചൂരല് 
മുഖം കറുത്തിട്ട്
കണ്ണട വെച്ചിട്ട് ............

Monday, June 4, 2012

ക മ്മ്യൂ ണിസ്റ്റ് മറിയം

'' വലിയംപാടത്തെ കാദര്‍ കോണ്‍ഗ്രസ്സായി.''
ഓത്തു കഴിഞ്ഞു വരുമ്പോള്‍ അറക്കല്‍ പാലത്തിനടുത്ത് വെച്ചാണ് ബദറു ആ വര്‍ത്തമാനം കേട്ടത്.
കടോത്ത്-നിരത്തുമ്മല്‍ ഒക്കെ സംസാരം.പുഴ വക്കത്ത് ചകിരി തല്ലുന്ന പെണ്ണുങ്ങള്‍ പണിയും കലപിലയും നിര്‍ത്തി വെച്ച് കുശു കുശുപ്പിലാണ്.....
''കമ്മ്യുണിസ്റ്റാര്‍ക്ക് പൊറുക്കാനാവൂല്ല........''
വയ്യേ പുറത്തെ കോലായില്‍ വെറ്റിലടക്ക അമ്മിയില്‍ വെച്ച് ദേഷ്യത്തോടെ കുത്തിയുടക്കുന്നുണ്ട് ഉമ്മാമ......
''ഒലെങ്ങനാ പൊറുക്കുക.....?ഇത്തറവാട്ടിന് തന്നെ ചേപ്പ്രയായി1*.ഇന്നാട്ടില് കമ്മ്യുണിസ്റ്റം ണ്ടായത് തന്നെ വലിയംപാടത്തെ തറവാട്ടിലാ ........''
ആ കഥ ബദറു ഒരു പാട് കേട്ടതാണ് .
ഉമ്മാമ്മയുടെ മൂത്ത മോന്‍  സഖാവാണ് കടവത്ത് ആദ്യമായി കമ്മ്യുണിസം പ്രസംഗിച്ചത്‌ 
''രാത്രി പാതിരക്കാണ് ഓലെ മീറ്റിംഗ്..ഇന്നട്ട് എല്ലാരും കൂടെ പാനീസും കത്തിച്ചു വെച്ച് ആലോചനോടാലോചന...
വിപ്ലവംജയിക്കട്ടേന്ന്....ഓടൂല്ഇങ്കിലാബായി,സിന്ദാബാദായി,കമ്മ്യുണിസ്റ്റ് ഭരണോം വന്നു......തറവാട്ടിലെ സ്വത്ത് കുറേ കുടി കെടപ്പായി കൊടുക്കേണ്ടിയും വന്ന് ........''

വായിലെ മുറുക്കാന്‍ പിച്ചളക്കോളാമ്പിയിലേക്ക്‌  തുപ്പിക്കൊണ്ട് ഉമ്മാമ ബങ്കീശം2* പറയും.
''അതിന്‍റെ  ഒരു  നെലേം വേലേം ഇന്നും ണ്ട് വലിയംപാടത്തുകാര്‍ക്ക്...''
ഇനിക്കീ കൊണ്ഗ്രസ്സുന്നു കേള്‍ക്കുമ്പോ തന്നെ ഒരു കിക്കിരിപ്പാണ്‌..ഗാന്ധിജി പോയപ്പോ പഴേ കൊണ്ഗ്രസ്സും പോയി....''
''മറിയം കമ്മ്യുണിസ്റ്റാ.... മരിക്കോളും അങ്ങനെ തന്നെ  ചോന്ന പായീല് നിക്കരിക്കണോന്നാ ഇന്റെ പൂതി ........''
  
അന്തിയും മോന്തിയും ഇരുട്ടത്താണ് ഖാദര്‍ക്ക വന്നു കയറിയത്.
വെളുത്ത കുപ്പായവും കഞ്ഞി പശ മുക്കിയുണക്കിയ തുണിയുമുടുത്ത്.
ക ഴുത്തില് കസവിന്റെ മാല...........!
കൂടെ വന്നവര്‍ കോലായിലും അരച്ചുമരിലും മുറ്റത്തെ ആലക്കോലായിലുമെല്ലാം കയറിയിരിക്കുന്നു.
കൊയ്യക്കാരന്‍ ചോയിയെ കൊണ്ട് ഇളനീരിരക്കി ചെത്തിച്ചത് ഉമ്മാമ്മ തന്നെയാണ്.
ഇളനീര്‍ കുടിച്ചു വന്നവരൊക്കെ പിരിഞ്ഞു കോലായില്‍ കാദര്‍ക്കാ ഒറ്റക്കായപ്പോഴാണ് ഉമ്മാമ്മ തുടങ്ങിയത്.
''കാക്കക്കാരനവന്മാര് ഉണ്ടാക്കി  വെച്ച ഒരു പേരുണ്ട് ഇത്തറവാട്ടിന്.....അത് നിയ്യായിട്ടു ഇല്ലാണ്ടാക്കരുത്  .ഇന്‍റെ 
കാദറേ ......''
കാദര്‍ക്ക മറുപടിയൊന്നും പറയുന്നില്ല.
''മരിച്ചു പോയവരുടെ കുരുത്തക്കേട്‌ വാങ്ങി വെക്കരുത്...അനക്ക്‌ ഒന്നും അറിയാഞ്ഞിട്ടാണ്‌.''
തലയിലെ തട്ടം കുടഞ്ഞിട്ടു ഉമ്മാമ്മ ഒച്ച വെക്കുന്നു.
കാദര്‍ക്ക പൊട്ടിച്ചിരിക്കുന്നു.
''ഇത്തറവാട്ടിന് ഒരു പേരുണ്ട്,കണ്ടവര്‍ക്കെല്ലാം കയറി നിരങ്ങാന്‍ നിങ്ങളുടെ മൂത്ത മോന്‍ സഖാവ് ഉണ്ടാക്കി വെച്ച സല്‍പ്പേര്.....''
''ബദരീങ്ങളേ.........''
ഉഹദു മല ഇടിഞ്ഞു വീണത്‌ പോലെന്നു കേട്ടിട്ടുണ്ട് ബദറു.
ഉമ്മാമ്മയുടെ ഒച്ച ഇത്ര ഉറക്കെ ഒരിക്കലും കേട്ടിട്ടില്ല ബദറു.
അടുക്കളയിലും കോലായിലും പണിക്കാരത്തികളുടെ ഒച്ചയനക്കങ്ങള്‍ നിലച്ചു.
കിളി വാതിലുകളായ വാതിലുകള്‍ മുഴുവനും കോലായിലേക്ക് കിറു കിറെന്നു തുറക്കുന്ന ഒച്ചകള്‍ ........
കൊപ്പരക്കൊട്ട മറിച്ചിട്ടത് പോലെ കുട്ടിയറയിലെ കട്ടിലിലേക്ക് മറിഞ്ഞു വീണു ഉമ്മാമ്മ......
''കമ്മ്യുണിസ്റ്റാര് പൊറുക്കൂല്ല...ഞാനും കമ്മ്യൂണിസ്റ്റാണ്.നിക്ക് പൊറുക്കാണ്ടിരിക്കാന്‍  പറ്റുവോ,ഇന്റെ പള്ളേല്‍  പിറന്നു പോയില്ലേ ഓന്......ഇന്റെ മരിച്ചു പോയ മൂത്തോനെ അയിബാക്കീല്ലേ*3 ഓന്....''
സങ്കടമടക്കാന്‍ പാട് പെട്ടു ഉമ്മാമ്മ.


വലിയംപാടത്തു ഒരാള്‍ കൊണ്ഗ്രസ്സാവുന്നത് നടാടെയാണ്.അതിന്റെ  ആര്‍പ്പു വിളികള്‍ രാത്രിയിലും കേട്ടു....
അങ്ങാടിയില്‍ സ്വീകരണം.പോഴാക്കത്ത് വെടിക്കെട്ട്‌.....
രാത്രി ഏറെ വൈകിയാണ് കാദര്‍ക്ക വീട്ടിലെത്തിയതെന്ന് ആരോ പറയുന്നത് കേട്ടു.
വലിയംപാടത്തെ സഖാവിന്‍റെ അനുജന്‍ കൊണ്ഗ്രസ്സായീന്നു നാലാള് പറഞ്ഞു ചിരിക്കുന്നതിലായിരുന്നു ഉമ്മാമ്മാക്ക് വിഷമം.
ഉമ്മാമ്മ പിന്നെ ഒന്നും മിണ്ടിയിട്ടില്ല 
ഇശാ നിസ്ക്കാരം കഴിഞ്ഞു ദുആ ഇരക്കുമ്പോള്‍ ഉമ്മാമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
''റബ്ബുല്‍ ആലമീനായ തമ്പുരാനേ....കോണ്ഗ്രസ്സിന്റെ അദാബില്‍4 *നിന്നും ഇന്റെ  മോനെ നീ കാക്കണേ...കമ്മ്യുണിസ് റ്റാര്‍ക്ക് വേണ്ടാത്തതൊന്നും തോന്നിക്കല്ലേ.....''
''ഓല് പൊറുക്കൂല്ല''.
നിസ്ക്കാരപ്പായ മടക്കി വെക്കുമ്പോള്‍ ഉമ്മാമ്മ പിറു പിറുക്കുന്നു.
കാദര്‍ക്ക രാത്രി ഏറെ വൈകിയും കാദര്‍ക്ക എത്തിയില്ല.
പുലര്‍ച്ചക്കാണ്  കടവത്തെ കാറ്റിനു തീ പിടിച്ചത്.....
വലിയംപാടത്തെ കാദറിനെയും കൂട്ടരെയും കമ്മ്യുണിസ്റ്റ്കാര് തല്ലി...കൊണ്ഗ്രസ്സുകാര് മുഴുവന്‍ ആശു പത്രിയിലാണ്.......''
കോലായില്‍ വന്നു കയറിയ പോലീസുകാര്‍ക്ക് മുന്നില്‍ ഉമ്മാമ്മ ആണായി നിവര്‍ന്നു നില്‍ക്കുന്നത് കണ്ടു ബദറു .....
''ഇനിക്ക് കേസില്ല....ഇന്റെ  മോനുംല്ല......ഇത് എന്ത് ചെയ്യണോന്നു മറിയത്തിനറിയാം......മറിയം അസ്സല് കമ്മ്യുണിസ്റ്റാ.......''
പോലീസുകാര്‍ക്ക് പിന്നാലെ പോവുകയായിരുന്ന കൊയ്യക്കാരന്‍ ചോയിയെ ഉമ്മാമ്മ പിന്നില്‍ നിന്നും വിളിച്ചു....
''ഇന്റെ  ഇളയോനാ ഓര് കൊല്ലാന്‍ നോക്കിയത് ...പൊറ്ക്കൂല്ല ഞാന്.....ഞാനും കമ്മ്യുണിസ്റ്റാ...ഇനിക്ക് പൊറുക്കാന്‍ കയ്യൂല്ല....''

മുറ്റത്തെ പൂവരശിന്റെ ചുവട്ടില്‍ നില്‍ക്കുന്ന ചോയിയോട്‌ ഉമ്മാമ്മ ഒച്ച താഴ്ത്തി.''ഇച്ചുറ്റുവട്ടത്തുകാര് തന്നെയല്ലേ ഇന്റെ  മോനേ തല്ലിയത്‌....?''
''അതെന്താ ഉമ്മറ്റിയാര്‍ക്കൊരു  തംശ്യം......?''ചോയി.
''ഓലൊക്കെ വെള്ളം കുടിക്കണത് നമ്മള്‍ കുഴിച്ചു കൊടുത്ത കിണ റിന്നല്ലേ.......കുളിക്കുന്നത് ഇത്തറവാട്ടിലെ കുളത്തീന്നല്ലേ......?''
അതിലും ഒരു സംശയമില്ലെന്നു ചോയി....
''ഇന്നാല് നാളെ മുതല് ഇന്നാട്ടില് മുഴുവന്‍കമ്മ്യുണിസം...എല്ലാരും കുഴിക്കട്ടെ ഓരോ കിണറ്.പാകത്തിന് കൊളോം.....നമ്മളെ ആവശ്യത്തിനു മുറ്റത്തൊരു കിണറ് മതി.ബാക്കിയൊക്കെ ഇന്ന് തന്നെ കൊത്തി മൂടണം.....''
കൊയ്യക്കാരന്‍ ചോയി തൊള്ള തുറന്നു പോയി.
ചോയിയുടെ പല്ല് മുഴുവന്‍ കറുത്തിട്ടാണെന്ന് കണ്ടു പിടിച്ചു ബദറു......
''ഒരു രാത്രി കൊണ്ടെങ്ങനാ ഉമ്മറ്റിയാരോ  കിണറായ കിണറോക്കെ കൊത്തി മൂടുക.....''
''പടയില്‍ തോറ്റാല്‍ പിന്നെ തൂറി അങ്ങോട്ട്‌ തോല്പ്പിക്കാന്നാണ് പത്തൊന്‍പതാമത്തെ അടവ്''.
സംശയിച്ചു നിന്ന ചോയിയോട് ഉമ്മാമ്മ പിന്നേയുമെന്തൊക്കെയോ കുശു കുശൂന്നു പറയുന്നത് മാത്രം കേട്ടു ബദറു.
''ഞമ്മക്ക് ബിശ്വാസം ഉള്ളോരെ മാത്രം വിളിച്ചാല്‍ മതി.കുളത്തില് ഒരു വണ്ടിചാണകം....കിണറ്റില് ഒരുമാറ്റംആയ്ക്കോട്ടെ.പത്തയാപ്പോരേല് എല്ല് പൊടിയുണ്ട്.....
അത് ഓരോ ചാക്ക് ഓരോ കിണറ്റിലും പാറ്റിക്കാളി.....നാറണം...നാരീട്ടു കുന്തിരിക്കം പൊഹയണം.....''
രാത്രി ഉമ്മാമ്മ ഉറങ്ങിയില്ല..
കോലായില്‍ മുറ്റത്ത്‌ തിളങ്ങുന്ന നിലാവ് നോക്കി ഉമ്മാമ്മ ഒരേയിരിപ്പ്...

വിയര്‍ത്തു കുളിച്ചു ചോയിയും കൂട്ടരും കയറി വരുമ്പോള്‍ ഉമ്മാമ്മ ചോദിച്ചു.
''ഒക്കെ ഉസാറാക്കീല്ലേ...''
''ബറാ ബറ്''
വിയര്‍പ്പാറ്റിക്കൊണ്ട് ചോയിയും കൂട്ടരും നിന്ന് ചിരിക്കുന്നു...
വായിലെ മുറുക്കാന്‍ ചണ്ടി മുറ്റത്തേക്കു നീട്ടിത്തുപ്പിക്കൊണ്ട് ഉമ്മാമ്മ മുരണ്ടു...
''ഇങ്കിലാബ്സിന്ദാബാദ്.''
മുറ്റത്ത്‌ പഞ്ചാര മണലില്‍ മുറുക്കിത്തുപ്പിയത് ചുവന്ന പൂക്കള്‍ പോലെ തിളങ്ങുന്നത് നോക്കി ബദറുഏറ്റു പറഞ്ഞു....
''വിപ്ലവം ജയിക്കട്ടെ......''
ബദറൂന് ചിരി വന്നു .ഉമ്മാമ്മക്കും വന്നൂ ചിരി  .ചോയിയും കൂട്ടരും പൊട്ടിച്ചിരിക്കുകയാണല്ലോ ............ 
*നാണക്കേട്‌ 
*മഹിമ 
*നാണം കെടുത്തുക 
*പ്രയാസം 

Monday, April 30, 2012

അടുക്കളക്കോളേജ്

ഏറെ നാളത്തെ ഇട വേളക്ക് ശേഷം   ആ കൂട്ടുകാരികള്‍ ഫെയിസ് ബുക്കില്‍ വെച്ചാണ്  കണ്ടു മുട്ടുന്നത് .
നിഹാല -നിലീന -നിലോഫറ  
''ഞാനിപ്പോള്‍ ഒരു മാനെജ്മെന്റ്  സ്കൂളില്‍ അധ്യാപികയാണ്.
ലക്ഷങ്ങള്‍ ഒരുപാട് കൊടുക്കേണ്ടി വന്നു,പോസ്റ്റ്‌ തരമാകാന്‍..............''
നിഹാല സങ്കടം പറഞ്ഞു .
നിലീനക്കും ഏറെ പറയാനുണ്ടായിരുന്നു .അവളും ലക്ഷങ്ങള്‍ എത്രയോ കൊടുത്താണ് നഗരത്തിലെ ക്രിസ്ത്യന്‍ കോളേജില്‍ ലക്ചറായി ജോയിന്‍ ചെയ്തിരിക്കുന്നത് .
ഒടുവില്‍ എല്ലാം കേട്ടിരുന്ന, ഈയിടെ മാത്രം വിവാഹിതയായ നിലോഫറ   ഇങ്ങനെ കമന്റിട്ടു .
''ലക്ഷങ്ങള്‍ എത്ര ചിലവായെന്നു കണക്കില്ല .......മാനേജര്‍ക്ക് ഒരു കാറും കൊടുക്കേണ്ടി വന്നു.......''
''ജോലി -അവിടുത്തെ കിച്ചണ്‍ കോളേജില്‍ ഒരു ലാസ്റ്റ് ഗ്രയിഡു ജീവനക്കാരിയായിട്ടാണെന്നു മാത്രം ..........''
അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുമ്പോള്‍ എല്ലാം മറന്നു ചിരിക്കാന്‍ ശ്രമിക്കുകയായിരുന്നു നിലോഫറ..........



Monday, April 2, 2012

പെരുമഴപ്പിറ്റേന്ന്..........


 പടിപ്പുര മാളികയുടെ തകര പ്പാത്തിയില്‍ കച്ചറ ഒച്ചയിട്ടു പെയ്യുന്നുണ്ട് പെരുമാച്ചി മഴ.
വെള്ളിയലുക്കുകള്‍ മിന്നുന്ന തട്ടത്തില്‍ മുഖം മറച്ച പുതിയോട്ടിയെ *
പോലെ പൂത്തുനില്‍ക്കുന്നുണ്ട് മഴ നനഞ്ഞു വേലിയിറമ്പത്തെ മയിലാഞ്ചി .
പൊന്നിന്റെ ഉറുപ്പിക വട്ടം തിളങ്ങുന്ന മാത്താവിന്റെ* ഞൊറികള്‍ ഓര്‍മ്മയില്‍ വന്നൂ ഉമ്മാമക്ക്.
മനക്കണ്ണില്‍ കൊളമ്പില്‍* നിന്നും കൊണ്ട് വന്ന സഹറാന്‍ കുപ്പായം ലങ്കി മറിയുന്നു .
പുള്ളിക്കുപ്പായമിട്ട ഓര്‍മ്മകളില്‍ പതിനാലാം രാവ്‌.
കിളി വാതിലിനപ്പുറം കോലടിച്ചാണല്ലോ പാടുന്നത് -ആടക്കോട മഴ!
മുറ്റത്ത്‌ റങ്കുന്ന മിന്നല്‍ വെളിച്ചത്തില്‍ മറ്റൊരു മിന്നായം പോലെ ഒരു വെള്ളക്കുപ്പായം !
ആ ........മിന്‍ഫോ......മിന്‍ഫോ .........തില്ല ...തില്ല ...........*
ഇതെന്തൊരു അത്ര്‍പ്പ ക്കിനാവ് ...........!
തമ്പാക്ക് മോതിരം ചിരിക്കുന്ന കൈകളാല്‍ കരിമ്പന ക്കോലിന്‍റെ വടക്കന്‍ വൈമലക്കൂത്ത്*.
''സുബ്‌ഹാനേ....ഇന്‍റെ മൂപ്പര് ........!!?''
മഞ്ഞു പഞ്ഞീന്‍ പോലെ വെളുത്ത  തലേല്‍ കെട്ടിന്‍റെ പൌസാക്കില്‍* ഉമ്മാമ്മക്ക് ചേപ്പറ*.
''മൂപ്പര് തന്നെ .'' 
കിളി വാതിലിലൂടെ പനിക്കൈകള്‍ നീട്ടി കാനൂല്* പറഞ്ഞു അവര്‍ ...
''നിക്കീ ..നിക്കീ ...ഞാനും ഉണ്ട് കൂടെ ..........''
കനത്ത കരിമ്പടക്കെട്ടില്‍ നിന്നും കാലുകള്‍ വലിച്ചൂരുമ്പോള്‍ കടിഞ്ഞൂലിനു നൊമ്പലം* കിട്ടിയ പോലെ വേദനിക്കുന്നല്ലോ .
ധൃതിയില്‍ ചെരുപ്പിടാന്‍ മറന്നു,വടിയും കുടയും മറന്നുള്ള ഉമ്മാമ്മയുടെ പടപ്പുറപ്പാട് കണ്ടു മുറ്റത്തെ മഴ, ഒരു നിമിഷം മിണ്ടാനാവാതെ നിന്ന് പോയി .
പിന്നെ,കാറ്റിലെ കളി ചിരി ഒപ്പനകള്‍ നിര്‍ത്തി വെച്ചു പനിനീര് കുടയും പോലെ പതിഞ്ഞ താളത്തില്‍ യാസീന്‍* ഓതിപ്പെയ്യാന്‍ തുടങ്ങി ..........
---------------------------------------------------------------------------------
*പുതിയോട്ടി =മണവാട്ടി 
*മിന്‍ഫോ...മിന്‍ഫോ ....=കോല്‍ക്കളിയിലെ ഒരു  വായ്ത്താരി.
*മത്താവ് =മലബാറില്‍ പ്രത്യേകിച്ച് കോഴിക്കോട്ടെ പഴയകാല മുസ്ലിം വധുവിന്‍റെ വിവാഹ വേഷം .
*കൊളമ്പ്‌ =കൊളമ്പോ.
*വടക്കന്‍ വൈമലക്കൂത്ത്= കോല്‍ക്കളിയിലെ ഒരു ചിട്ട.
*പൌസാക്ക്=ഭംഗി.
*ചേപ്പറ=നാണം.
*കാനൂല്=കിന്നാരം.
*നൊമ്പലം കിട്ടുക=പേറ്റു നോവ്‌ വരുക.
*യാസീന്‍ =വേദ ഗ്രന്ഥത്തിലെ ഒരു അദ്ധ്യായം, മരണ വീടുകളില്‍ പ്രത്യേകം പാരായണം ചെയ്യാറുണ്ട് ചിലര്‍.