ജാലകം

Monday, April 2, 2012

പെരുമഴപ്പിറ്റേന്ന്..........


 പടിപ്പുര മാളികയുടെ തകര പ്പാത്തിയില്‍ കച്ചറ ഒച്ചയിട്ടു പെയ്യുന്നുണ്ട് പെരുമാച്ചി മഴ.
വെള്ളിയലുക്കുകള്‍ മിന്നുന്ന തട്ടത്തില്‍ മുഖം മറച്ച പുതിയോട്ടിയെ *
പോലെ പൂത്തുനില്‍ക്കുന്നുണ്ട് മഴ നനഞ്ഞു വേലിയിറമ്പത്തെ മയിലാഞ്ചി .
പൊന്നിന്റെ ഉറുപ്പിക വട്ടം തിളങ്ങുന്ന മാത്താവിന്റെ* ഞൊറികള്‍ ഓര്‍മ്മയില്‍ വന്നൂ ഉമ്മാമക്ക്.
മനക്കണ്ണില്‍ കൊളമ്പില്‍* നിന്നും കൊണ്ട് വന്ന സഹറാന്‍ കുപ്പായം ലങ്കി മറിയുന്നു .
പുള്ളിക്കുപ്പായമിട്ട ഓര്‍മ്മകളില്‍ പതിനാലാം രാവ്‌.
കിളി വാതിലിനപ്പുറം കോലടിച്ചാണല്ലോ പാടുന്നത് -ആടക്കോട മഴ!
മുറ്റത്ത്‌ റങ്കുന്ന മിന്നല്‍ വെളിച്ചത്തില്‍ മറ്റൊരു മിന്നായം പോലെ ഒരു വെള്ളക്കുപ്പായം !
ആ ........മിന്‍ഫോ......മിന്‍ഫോ .........തില്ല ...തില്ല ...........*
ഇതെന്തൊരു അത്ര്‍പ്പ ക്കിനാവ് ...........!
തമ്പാക്ക് മോതിരം ചിരിക്കുന്ന കൈകളാല്‍ കരിമ്പന ക്കോലിന്‍റെ വടക്കന്‍ വൈമലക്കൂത്ത്*.
''സുബ്‌ഹാനേ....ഇന്‍റെ മൂപ്പര് ........!!?''
മഞ്ഞു പഞ്ഞീന്‍ പോലെ വെളുത്ത  തലേല്‍ കെട്ടിന്‍റെ പൌസാക്കില്‍* ഉമ്മാമ്മക്ക് ചേപ്പറ*.
''മൂപ്പര് തന്നെ .'' 
കിളി വാതിലിലൂടെ പനിക്കൈകള്‍ നീട്ടി കാനൂല്* പറഞ്ഞു അവര്‍ ...
''നിക്കീ ..നിക്കീ ...ഞാനും ഉണ്ട് കൂടെ ..........''
കനത്ത കരിമ്പടക്കെട്ടില്‍ നിന്നും കാലുകള്‍ വലിച്ചൂരുമ്പോള്‍ കടിഞ്ഞൂലിനു നൊമ്പലം* കിട്ടിയ പോലെ വേദനിക്കുന്നല്ലോ .
ധൃതിയില്‍ ചെരുപ്പിടാന്‍ മറന്നു,വടിയും കുടയും മറന്നുള്ള ഉമ്മാമ്മയുടെ പടപ്പുറപ്പാട് കണ്ടു മുറ്റത്തെ മഴ, ഒരു നിമിഷം മിണ്ടാനാവാതെ നിന്ന് പോയി .
പിന്നെ,കാറ്റിലെ കളി ചിരി ഒപ്പനകള്‍ നിര്‍ത്തി വെച്ചു പനിനീര് കുടയും പോലെ പതിഞ്ഞ താളത്തില്‍ യാസീന്‍* ഓതിപ്പെയ്യാന്‍ തുടങ്ങി ..........
---------------------------------------------------------------------------------
*പുതിയോട്ടി =മണവാട്ടി 
*മിന്‍ഫോ...മിന്‍ഫോ ....=കോല്‍ക്കളിയിലെ ഒരു  വായ്ത്താരി.
*മത്താവ് =മലബാറില്‍ പ്രത്യേകിച്ച് കോഴിക്കോട്ടെ പഴയകാല മുസ്ലിം വധുവിന്‍റെ വിവാഹ വേഷം .
*കൊളമ്പ്‌ =കൊളമ്പോ.
*വടക്കന്‍ വൈമലക്കൂത്ത്= കോല്‍ക്കളിയിലെ ഒരു ചിട്ട.
*പൌസാക്ക്=ഭംഗി.
*ചേപ്പറ=നാണം.
*കാനൂല്=കിന്നാരം.
*നൊമ്പലം കിട്ടുക=പേറ്റു നോവ്‌ വരുക.
*യാസീന്‍ =വേദ ഗ്രന്ഥത്തിലെ ഒരു അദ്ധ്യായം, മരണ വീടുകളില്‍ പ്രത്യേകം പാരായണം ചെയ്യാറുണ്ട് ചിലര്‍.                                                  

41 comments:

  1. മോളിലാരോ കാന്ത വിളക്ക് കൊളുത്തുന്നുണ്ട് കെടുത്തുന്നുണ്ട് .........

    ആകാശ പ്പെടാപ്പുറ വാതില്‍ തുറക്കുന്നുണ്ട് ..........

    പണി നീര്‍ കൂജയില്‍ കണ്ണീരുപ്പു നിറയുന്നുണ്ട് ............

    ReplyDelete
  2. മഴക്കും മിണ്ടാട്ടം മുട്ടി.
    പിന്നെ പറയാന്‍ തുടങ്ങി

    ReplyDelete
  3. നല്ല കവിത...ചില വാക്കുകൾ വായനക്കാർക്ക് മനസ്സിലാകുന്നില്ലാ...അതിന്റ് അർത്ഥം കൂടി താഴെക്കൊടുക്കുക

    ReplyDelete
  4. രണ്ടു മൂന്നു തവണ വായിച്ചു.. വായിക്കാന്‍ രസമുള്ളത് കൊണ്ട് തന്നെ...
    കഥയെക്കാള്‍ ഇഷ്ടമായത് അത് പറഞ്ഞു വച്ച രീതിയാണ്... മനോഹരം..

    സ്നേഹാശംസകളോടെ...

    ReplyDelete
  5. അതിമനോഹരം എന്റെ നാട്ടുകാരാ....
    പെരുമാച്ചി മഴയുടെ താളത്തോടൊപ്പം നമ്മുടെ നാടിന്റെ ശീലുകളും സമന്വയിപ്പിച്ചപ്പോൾ ലഭിച്ചത് ഹൃദ്യമായ വായനാനുഭവം.....

    ReplyDelete
  6. മനോഹരമായ ശൈലി.
    ആശംസകള്‍

    ReplyDelete
  7. നാടന്‍ ഭാഷയില്‍ ഒരു പെരുമാച്ചി മഴ.

    ReplyDelete
  8. വളരെ രസമായി എഴുതിയിരിക്കുന്നൂ കേട്ടൊ ഭായ്
    കവിതാമയമുള്ള നല്ലൊരു എഴുത്ത്..

    ReplyDelete
  9. ഇത്‌ കഥയാണോ അതോ കവിതയോ ചിലര്‍ നല്ല കവിതയെന്നെഴുതിയിരിക്കുന്നു... മാപ്പിള ശേലില്‍ ഒരുെഴുത്ത്‌,,, ഈ പെരുമഴ പിറ്റേന്ന് കുഴപ്പമില്ല...

    ReplyDelete
  10. കഥയാണോ. കവിതയാണോ. നാടന്‍ ഭാഷ. കൊള്ളാം

    ReplyDelete
  11. ഈ കുഞ്ഞിക്കഥ ഇഷ്ടായി ഭായ്...മേലെയുള്ള വര്‍ണ്ണന മുഴുവന്‍ മരണ പുറപ്പാട് ആണെന്ന് ക്ലൈമാക്സ്‌ എത്തും വരെ തോന്നിയതെ ഇല്ല...

    ReplyDelete
  12. സുന്ദരമായ പെർമഴക്കാല ആശംസകൾ. നല്ല എഴുത്ത് ട്ടോ. പെരുമാച്ചി മഴയുടെ ഗാംഭീര്യമുണ്ട്. ആശംസകൾ.

    ReplyDelete
  13. മരണമഴയാണല്ലോ.. പ്രാദേശികമായ വാക്കുകള്‍ പെട്ടുന്നു പിടികിട്ടുന്നില്ല. എങ്കിലും സ്വന്തമായ ആ ശൈലിയും മനോഹരം.

    ReplyDelete
  14. നന്നായി ഇഷ്ടപ്പെട്ടു.ഓരോ വാചകവും.

    ReplyDelete
  15. കൊളളാം. ഇഷ്ടപ്പെട്ടു...

    ReplyDelete
  16. കഥ ഇഷ്ടപ്പെട്ടു. യാസീൻ ഓതിപ്പെയ്യുന്നത് നിറഞ്ഞ കണ്ണുകളോടെ, ഉപ്പുരസത്തോടെ.....എന്ന് ഞാൻ.

    ReplyDelete
  17. പെരുമഴപ്പിറ്റേന്നു ഈ മുറ്റത്തു വന്നവര്‍ക്കും നല്ല വാക്ക് പറഞ്ഞവര്‍ക്കും നന്ദി...
    ചന്തു നായരുടെ അഭിപ്രായം പ്രത്യേകം മനസ്സിരുത്തുന്നു -നന്ദി ......

    ReplyDelete
    Replies
    1. ചില ദേശത്തെ സംസാരഭാഷ മറ്റ് ദേശങ്ങളിലുള്ളവർക്ക് മനസിലാവില്ലാ..ഇതിൽ തന്നെ പലതിന്റേയും അർത്ഥം എനിക്കും മനസ്സിലായത് ,ഞാൻ പറഞ്ഞതുപോലെ വാക്കുകളുടെ അർത്ഥം താങ്കൾ എടുത്തെഴുതിയത്കൊണ്ട് മാത്രമാണു....പലരും കവിത മനസ്സിലാക്കാതെ...'കൊള്ളാം....നന്നായിരിക്കുന്നൂ' എന്നൊക്കെ കമന്റിട്ട് മാറിപ്പോകും...താങ്കൾ ഈ ചെയ്തത് നല്ല കാര്യമാണു

      Delete
  18. കൊള്ളാം. പക്ഷേ ചില വാക്കുകളുടെ അർത്ഥം ഇനിയും മനസ്സിലായില്ല.
    ഉദാ :- പുതിയോട്ടി

    ReplyDelete
  19. മിന്ഫോ ,മിന്ഫോ ,തില്ല എന്നാലോ ,അത് മനസ്സിലായില്ല ,കഥ നന്നായിരിക്കുന്നു .

    ReplyDelete
  20. പ്രിയ മൊയിദീന്‍,സിയാഫ്,ചന്തുവേട്ടാ ........വിലപ്പെട്ട അഭിപ്രായങ്ങള്‍ സ്വീകരിച്ചിരിക്കുന്നു............
    ആറു മലയാളിക്ക് അറുപതു ഭാഷ എന്ന് ചൊല്ല് .അത് പോലെ തന്നെ പ്രാദേശിക വാ മൊഴി വഴക്കങ്ങളും........
    ഇത് എന്റെ നാട്ടില്‍ നടപ്പുള്ള സംസാര ഭാഷ അല്ല .കഴിഞ്ഞ തലമുറയിലെ ചിലരൊക്കെ പറഞ്ഞു വെച്ച മധുരിക്കുന്ന ചില നാട്ടു വര്‍ത്തമാനങ്ങള്‍ പങ്കു വെക്കാന്‍ ഒരു ചെറിയ ശ്രമം .........അത്ര മാത്രം .....നന്ദി..........

    ReplyDelete
  21. നാടന്‍ ശീലില്‍ ചേര്‍ത്തു കോര്‍ത്തൊരു മണവാട്ടിയുടെ മോന്ചേരുന്ന മുഖം ആണ് ഇതില്‍ കണ്ടത്

    ReplyDelete
  22. എന്താ അത്തോളീ ഈ ഭാഷാമാസ്മരികത ?,നാട്ടു മൊഴികളില്‍ വാക്കിന്റെ പെയ്തു..
    'വെള്ളിയലുക്കുകള്‍ മിന്നുന്ന തട്ടത്തില്‍ മുഖം മറച്ച പുതിയോട്ടിയെ * പോലെ പൂത്തുനില്‍ക്കുന്നു മയിലാഞ്ചി .
    പുള്ളിക്കുപ്പായമിട്ട ഓര്‍മ്മകളില്‍ പതിനാലാം രാവ്‌.
    കിളി വാതിലിനപ്പുറം കോലടിച്ചു പാടുന്ന -ആടക്കോട മഴ!
    മുറ്റത്ത്‌ റങ്കുന്ന മിന്നല്‍ വെളിച്ചത്തില്‍ മറ്റൊരു മിന്നായം പോലെ ഒരു വെള്ളക്കുപ്പായം !
    തമ്പാക്ക് മോതിരം ചിരിക്കുന്ന കൈകള്‍
    മഞ്ഞു പഞ്ഞീന്‍ പോലെ വെളുത്ത തലേല്‍ കെട്ടിന്‍റെ പൌസാക്കില്‍* ഉമ്മാമ്മക്ക് ചേപ്പറ*.
    നിക്കൈകള്‍ നീട്ടി കാനൂല്*
    കടിഞ്ഞൂലിനു നൊമ്പലം* കിട്ടിയ പോലെ വേദനിക്കുന്നല്ലോ .
    മുറ്റത്തെ മഴ, ഒരു നിമിഷം മിണ്ടാനാവാതെ നിന്ന് പോയി .
    പിന്നെ,കാറ്റിലെ കളി ചിരി ഒപ്പനകള്‍ നിര്‍ത്തി വെച്ചു പനിനീര് കുടയും പോലെ പതിഞ്ഞ താളത്തില്‍ യാസീന്‍* ഓതിപ്പെയ്യാന്‍ തുടങ്ങി .....

    ReplyDelete
  23. മനോഹരം..

    സ്നേഹാശംസകളോടെ...

    ReplyDelete
  24. ബേപൂര്‍ സുല്ത്താന് ശേഷം മലബാരി സംസാരിക്കുന്ന സ്ര്ഷ്ട്ടി കണ്ടത് മാഷിലാണ്
    ഇമ്മിണി ബല്യ ആശംസകള്‍
    ഇമ്പമുള്ള കവ്യനുഭവം

    ReplyDelete
  25. നാടന്‍ വാക്കുകള്‍ കോര്‍ത്ത നല്ല എഴുത്ത് ...

    ReplyDelete
  26. ഞാന്‍ പലപ്പോഴും താങ്കളുടെ കാര്യം ഓര്‍ക്കാറുണ്ട്. വരാന്‍ പറ്റിയില്ലെങ്കില്‍ കൂടി.
    അതിനു കാരണം താങ്കളിലെ എഴുത്തിന്റെ മാസ്മരികത തന്നെ. ഇതിനു വല്ലാ ത്തൊരു ആകര്‍ഷണീയതയുണ്ട്.'ഒരു ഖാദറിസം' പണ്ടേ എനിക്ക് ചുവച്ചിരുന്നു .
    ആറ്റിക്കുറുക്കിഎടുത്ത ഭാഷാ സൌന്ദര്യം എന്ന് ഈ രചനയെ വിളിക്കാം

    ReplyDelete
  27. പൊന്നു ഇസ്മായില്‍കാ..
    വരാന്‍ വൈകി ന്നു പറഞ്ഞാ മതിയല്ലോ..?
    പെരുത്ത ബിസിയാര്‍ന്നു..മാപ്പാക്കണം.

    ഈ മഴപ്പെയ്ത്ത്‌ വായിച്ചപ്പോ എനിക്കെന്‍റെ വല്യുമ്മയെ ഓര്‍മ്മ വന്നു.
    ഇജ്ജാതി ഓരോ ചൊല്ലുകളുമായി ഒരു മുണ്ടം വടിയും വെറ്റിലച്ചെല്ലവുമായി ഞങ്ങളെ ഉമ്മരത്തുണ്ടായിരുന്നു എന്‍റെ വല്യുമ്മ കുറെ കാലം..!
    എനിക്കൊന്നും മനസ്സിലാവില്ലായിരുന്നു വല്ല്യുംമയുടെ പിച്ചപ്പരച്ചില്‍..
    എന്നാലും ആ മടിത്തട്ടില്‍ കിടന്ന് താരാട്ട് കേട്ടുരങ്ങാന്‍ വല്ലാത്ത സുഗമായിരുന്നു..
    പാവം പോയി..വല്യുമ്മയും ആ വല്യ വാക്കുകളും..

    ഏതായാലും ഈ പോസ്റ്റ്‌ കലക്കി.
    നല്ല ഒരു പെരുമഴ കൊണ്ട പോലെ..

    ആശംസകള്‍.

    ReplyDelete
  28. സന്തോഷം കൊമ്പനിക്കാ ............ഈ വരവിനും ചേര്‍ത്തു വെക്കലിനും.............
    കലാധര്‍ജി ..............നമ്മെ നാമാക്കുന്നത് ഈ നാട്ടു പേച്ചിന്റെ മധുരമല്ലേ ........നന്ദി .
    നന്മണ്ടന്‍........കണ്ടില്ല നമ്മള്‍ കുറച്ചുകാലം,ഇനിയും കാണുമല്ലോ നമ്മള്‍ .....സന്തോഷം .........
    വിനീത ദാസരെ.........അത്രക്കങ്ങട്ടു വെണോളീ..........ഇഷ്ടപ്പെട്ടു ..............
    atrof wave .............നന്ദി .സ്വാഗതം ...........
    നിസാര്‍ക്കാ കാട്ടില്‍ വീട്ടില്‍ ........ഖാദറിസം എനിക്കും ചുവക്കാതല്ല ..ആ മധുര ചുവ തുപ്പാന്‍ തോന്നണില്ല ...
    ഇത് പോലെങ്കിലും ഇടക്കൊക്കെ ഇത് വഴി വരുമല്ലോ ............
    മുസാഫിര്‍ ..........എന്‍റെ കള്ളി വെളിച്ചത്തായല്ലോ സഫീറെ..........കഥയുടെ പേറ്റന്‍റെ ആ വെറ്റില ചെല്ലം തന്നെ ..

    ReplyDelete
  29. ഒരു മഴ കൊണ്ട് മനസ്സ്
    ഒരു മഴ കണ്ട മനസ്സ് ..
    പുതുമഴയുടെ ചേലൊത്ത് വന്ന
    മഴ കണ്ട പഴയ മനസ്സ് കാതങ്ങള്‍ പിന്നിലേക്ക് ..
    മംഗലവും , പുതു മോടിയും ഒക്കെ മനസ്സിലേക്ക്
    വിരുന്നു വരുന്നു ..
    ചിലതങ്ങനെയാണ് , പ്രകൃതി നല്‍കുന്ന ചിലത്
    നമ്മേ ഓര്‍മകളുടെ കെട്ടുകളഴിക്കും
    അതു മഴയാണേല്‍ പ്രത്യേകിച്ച് ..
    കുളിരിന്റെ കമ്പടം പുതച്ച് മനസ്സിനേ പൊതിയുവാന്‍
    മയിലാഞ്ചി ചെടിയില്‍ നാണം നിറച്ച്
    അവസ്സാനം മഴയിലേക്കിറങ്ങി കുളിര്‍ത്ത്
    മണ്ണിലേക്കലിയുന്ന സത്യങ്ങള്‍ , വിടവുകള്‍ ..
    ഒരു മഴ പൊലെ ഓര്‍മയില്‍ പെയ്തു തൊരുന്നു ..
    നാട്ടു ഭാഷയുടെ ചാരുത , മഴയുടെ കുളിര്‍മ സഖേ ..

    ReplyDelete
  30. മരം പെയ്യുന്ന ഓര്‍മ്മകള്‍ക്ക് കുട പിടിച്ചു കൂട്ട് വന്ന പ്രിയ സഖാവേ .........മഴയുടെ കൂട്ടുകാരാ.........നന്ദി,വീണ്ടും വരുമല്ലോ .............

    ReplyDelete
  31. വായിച്ചപ്പോ ഒരു രസം
    ഞാന്‍ വിചാരിച്ചു മഴയുടെ ഭംഗിയെപറ്റിയാണ് വിവരിക്കുന്നത് എന്ന്
    അവസാനം വായിച്ചപ്പോള്‍ തോന്നി പിന്നെന്താ മരണ വീട്ടില്‍ വായിക്കുന്ന അദ്ധ്യായം എന്നൊക്കെ എഴുതിയത് എന്ന്
    പിന്നെ കമന്റ്‌ കണ്ടപ്പോഴാ മനസിലായെ ഇത് മരണത്തിന്റെ വരവിനെ കുറിച്ചാണെന്ന്
    അപ്പൊ ഒന്നുടെ വായിച്ചു
    അപ്പൊ എന്തൊക്കെയോ മനസിലായി

    ReplyDelete
  32. ഒരിക്കല്‍ വായിച്ചു പോയിരുന്നു ,അന്ന് കമന്റ്റ് ചെയ്യാതെ പോന്നു കാരണം എനിക്കും ശെരിക്കും മനസ്സിലായില്ല ..ഇപ്പോള്‍ കമന്റും താങ്കളുടെ വിശദീകരണവും വായിച്ചപ്പോള്‍ ഒരു പാട് ഇഷ്ട്ടപ്പെട്ടു ..ആശംസകള്‍

    ReplyDelete
  33. പ്രിയ അയല്‍ക്കാരാ ആശംസകള്‍ .... ഞമ്മളെ നാട്ടിലെ അദൃപ്പ വര്‍ത്താന ത്തില്‍ ഒരു കഥ .... പെരുത്ത്‌ ഇഷ്ട്ടായി ......
    പനിച്ചൂട് പൊള്ളുന്നൊരു മഴ പെയ്യുന്നു
    ആ മഴയില്‍ കുതിര്‍ന്നൊരു മരം വേവുന്നു
    മഴയ്ക്കും മരത്തിനും മണമറ്റുപോയൊരു
    മലര്‍വാടിക്കുമപ്പുറം
    ഒരു മരണം കാണുന്നു...

    ReplyDelete
  34. സ്കൂള്‍ തുറക്കുന്ന ദിവസത്തെ ഓര്‍ത്തുപോയി . ആ സുഖത്തില്‍ ഒരു മരണത്തിന്‍റെ ആസ്വാദനം . മനോഹരം. വലിയുമ്മ മാരുണ്ടായിരുന്നവര്‍ക്ക് ഉപ്പുമാങ്ങപോലെ ഒരു ഓര്‍മക്കുറിപ്പ്‌

    ReplyDelete
  35. നാട്ടുകാരാ...,ഈതൂലികാ മെയ്‌വഴക്കത്തിന് ഒരായിരം ആശംസകള്‍

    ReplyDelete
  36. ബൂ ലോകത്ത്‌ ഒരു അത്തോളിക്കാരനും നല്ലതുടക്കം ഇനിയും കൂടുതല്‍ താങ്കളില്‍ നിന്നും ഉതിര്‍ന്നു വീഴട്ടെ നാട്ടുക്കാര്‍ക്ക് അഭിമാനിക്കാന്‍.

    ReplyDelete
  37. വളരെ നല്ല ഒരു വായനാനുഭവം, വളരെക്കുറച്ചു ബ്ലോഗുകളില്‍ നിന്ന് മാത്രമേ ഇങ്ങനെ ഒരു വായന ലഭിക്കാറുള്ളൂ. ഇനിയും ഒരുപാട് എഴുതാന്‍ സാധിക്കട്ടെ. നിങ്ങള്ക്ക് പറയാനുള്ളത് മറ്റാര്‍ക്കും പറയാനാവില്ലെന്ന് തോന്നുന്നു!ആശംസകള്‍..

    ReplyDelete